ടെഹ്റാൻ: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ 30,000 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് അമേരിക്കയിലെ ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു. ഇറേനിയൻ ആരോഗ്യവകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് ഈ വിവരം നല്കിയത്. ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഡിസംബർ അവസാനം ആരംഭിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. 3,117 പേർ മരിച്ചുവെന്നാണ് ഇറേനിയൻ ഭരണകൂടം പറയുന്നത്.
എന്നാൽ ഇറാനിലെ കാര്യങ്ങൾ നിരീക്ഷിക്കുന്ന എച്ച്ആർഎഎൻഎ എന്ന അമേരിക്കൻ സംഘടന ഏറ്റവും അവസാനം പുറത്തുവിട്ട കണക്കു പ്രകാരം 5149 പ്രതിഷേധക്കാർ അടക്കം 5495 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ മരണവുമായി ബന്ധപ്പെട്ട് 17,031 കേസുകൾ എച്ച്ആർഎഎൻഎ പരിശോധിച്ചുവരികയാണ്.
ജനുവരി എട്ട്, ഒന്പത് തീയതികളിൽ മാത്രം 30,000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ടൈം മാഗസിൻ റിപ്പോർട്ടിൽ പറയുന്നത്. ഇത്രയും മൃതദേഹങ്ങൾ നീക്കംചെയ്യാൻ സർക്കാർ ഏജൻസികൾ ബുദ്ധിമുട്ടി. ബോഡി ബാഗുകൾ തീർന്നുപോയി. ആംബുലൻസുകൾ കിട്ടാതായപ്പോൾ ലോറികളിൽ കൂട്ടിയിട്ടാണ് കൊണ്ടുപോയത്.
ഇറേനിയൻ ഭരണകൂടം ഇന്റർനെറ്റ് നിയന്ത്രണം തുടരുന്നതിനാലാണ് വിവരങ്ങൾ പുറത്തുവരാൻ വൈകുന്നത്.ഇറേനിയൻ ഭരണകൂടം സുരക്ഷാഭടന്മാരെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമർത്തുകയായിരുന്നു.